അകലുംതോറും സ്നേഹം കുറയുമോ?

അകലുംതോറും സ്നേഹം കുറയുമോ? 

സ്നേഹം - അച്ഛനും അമ്മക്കും


അച്ഛനും അമ്മയും ആയിരുന്നു അവന്റെ ലോകം, അവന്റെ എല്ലാം. സ്‌കൂളിൽ നിന്ന്‌ വന്നു കളിയൊക്കെ കഴിഞ്ഞു വീട്ടുവാതിൽക്കൽ വന്ന് പുറത്തേക്ക് നോക്കി ഒരു ഇരിപ്പാണ്, അച്ഛനും അമ്മയും ജോലിയും കഴിഞ്ഞ് വരുന്നതും കാത്ത്. ജോലി കഴിഞ്ഞ് വരുമ്പോൾ അവരുടെ കൈയിൽ ഒരു പലഹാരപൊതിയുണ്ടാകും നല്ല മൊരിഞ്ഞ പഴംപൊരിയും, പരിപ്പുവടയും. അതിനു വേണ്ടിയുള്ള കാത്തിരിപാണത്. 

അവർ വന്നു കഴിയുമ്പോൾ ആദ്യം പോയി അമ്മയെ ഒന്നു കെട്ടിപിടിക്കും ശേഷം അച്ഛനെ നോക്കി ഒരു പുഞ്ചിരിയും, അപ്പോൾ തന്നെ അച്ഛന്റെ വക ഒരു ഡയലോഗ് ഉണ്ടാകും "നിനക്കുള്ളത് ആ കവറിൽ ഉണ്ട്" കേട്ട പാതി കേൾക്കാത്ത പാതി ആ കവറും വാങ്ങി റൂമിൽ പോയി പൊതി എടുത്ത ഒന്നു മണത്തുനോക്കും "ആഹാ ഇന്ന് പരിപ്പുവടയാണ്" പറഞ്ഞു തീരും മുമ്പ് 'അമ്മ "അത് മൊത്തം തീർകണ്ട നിനക്കു ചായ ഇടുമ്പോൾ കഴിക്കാൻ ഒന്നുമുണ്ടാകില്ല" ഒരിത്തിരി വിമ്മിഷ്ഠത്തോടെയാണെങ്കിലും ഒരെണ്ണം എടുത്ത് ബാക്കി അവിടെ വെക്കും.


അവൻ എന്ത്‌ വികൃതിതരം കാട്ടിയാലും അതിന്റെ അവസാനം വീട്ടിൽ അച്ഛന്റെയും അമ്മയുടെയും വഴക്കായിരിക്കും. അവൻ എന്തെങ്കിലും കുരുത്തക്കേട് കാട്ടി 'അമ്മ അവനെ അടിച്ചാൽ അത് അച്ഛന് ഇഷ്ടമാകില്ല അതുപോലെ തന്നെ തിരിച്ചും അച്ഛനടിച്ചാൽ അമ്മക്കും ഇഷ്ടമാകില്ല ചെറുക്കനെ എന്തിനാ അടിച്ചത് എന്നും പറഞ്ഞായിരിക്കും വഴക്ക് ഉണ്ടാവുക. അവർ വഴക്കിടുമ്പോൾ അവരുടെ മുൻപിൽ പോയിനിന്ന്‌ വേണ്ട എന്നും പറഞ്ഞ് കരയുന്ന സമയം തീരും അവരുടെ വഴക്ക്. 


മറ്റുള്ളവർ അച്ഛനെയാണോ അമ്മയെയാണോ ഏറ്റവും കൂടുതൽ ഇഷ്ടം എന്നു ചോദിക്കുമ്പോൾ "എനിക്ക് രണ്ടുപേരെയും ഇഷ്ടമാണ് എന്റെ കണ്ണുകൾ പോലെ" എന്നും പറഞ്ഞു ഒരു നടപ്പാണ് ഗമയിൽ.

സ്നേഹം - അച്ഛനും അമ്മക്കും

 

രാത്രിയിൽ അച്ഛന്റെ കൂടെ കടയിൽ പോകുമ്പോൾ ആ ഇരുട്ടിൽ വല്ലാത്ത ഒരു പേടി തോന്നും ആ നേരം അച്ഛന്റെ കയ്യിൽ ഒന്നു മുറുകെ പിടിക്കും "പിന്നെ എന്ത് പേടി അങ്ങ് ധൈര്യമായി നടക്കും" അതു പോലെ തന്നെ എന്തിനും ഏതിനും പേടിച്ച് പിന്മാറുന്ന അവനോട് "ഇങ്ങനെ എല്ലാത്തിനും പേടിക്കരുത് എന്ത് വന്നാലും ധൈര്യമായി ചിരിച്ചുകൊണ്ട് നേരിടണം" എന്നു പറയുന്ന അവന്റെ അമ്മ അവനു ഒരു ബലമായിരുന്നു. എപ്പോഴും സ്നേഹത്തോടെയും സന്തോഷത്തോടെയും ഇരുന്നത് അവന്റെ അച്ഛന്റെയും അമ്മയുടെയും കൂടെയാണ്. ഒരു ദിവസം പോലും സംസാരിക്കാതെയിരിക്കില്ല, ഒരു ദിവസത്തിലേറെ പിണങ്ങിയിരിക്കില്ല... അങ്ങനെയുള്ള അവനിൽ എപ്പോഴാണ് അകൽച്ച സംഭവിച്ചു തുടങ്ങിയത്.


പ്ലസ് ടൂ പഠനം കഴിഞ്ഞു ജോലിക്കായി പട്ടണത്തിൽ പോയി അവിടെ അവൻ ഒരു ബന്ധുവിന്റെ കൂടെ നിന്നു ജോലി ചെയ്യാൻ തുടങ്ങി... 

ദിവസേന അവൻ അച്ഛന്റെയും അമ്മയുടെയും കൂടെ ഫോണിൽ അധിക നേരം സംസാരിക്കും. എന്നാൽ പതിയെ പതിയെ അത് നിലക്കാൻ തുടങ്ങി.

വല്ലപ്പോഴും വീട്ടിൽ വരുമ്പോൾ മുഖം കൊടുത്തുള്ള സംസാരം പോലും ഇല്ലാതെയായി. പട്ടണത്തിൽ പോയ അവനിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. ദിവസവും നടന്നുകൊണ്ടിരുന്ന ഫോൺ സംഭാഷണം ആഴ്ചയിൽ  ഒരിക്കലായി ഒതുങ്ങി.


അങ്ങനെ ഒരു വിശേഷ ദിവസം അന്ന് അവന്റെ അച്ഛനെയും അമ്മയെയും പട്ടണത്തിലേക്ക് കൊണ്ടുപോയി. അത് അവർക്കും വളരെ സന്തോഷമായി. പട്ടണത്തിൽ അവരെയും കൊണ്ട് ചുറ്റാൻ പോയി... തിരികെ വരുമ്പോൾ റയിൽവേ സ്റ്റേഷനിലെ എസ്കെലേറ്ററിൽ കയറാൻ നേരം അച്ഛൻ ഭയത്തോടെ അവന്റെ കൈയിൽ മുറുകെ പിടിച്ചു ആ സമയം അവന്റെ മനസ്സിൽ പഴയ ഓർമകൾ വന്നു പോയി "കുട്ടികാലത്ത് ഇരുട്ടിലൂടെ നടക്കുമ്പോൾ ഭയത്തോടെ അച്ഛന്റെ കൈയിൽ മുറുകെ പിടിച്ചത്" അവൻ ഒരു പുഞ്ചിരിയോടെ അച്ഛനെയും കൂട്ടി മേലെ പോയി, ബന്ധുക്കളുടെ കൂടെ  അമ്മയും......


ആ റയിൽവേ സ്റ്റേഷനിൽ ട്രെയിൻ വരുന്നതും കാത്തിരിക്കുമ്പോൾ ഒരു കുട്ടി നായയെ കണ്ട് പേടിച്ചു കരയുന്നത് അവന്റെ ശ്രെദ്ധയിൽ പെട്ടു. അപ്പോൾ തന്നെ അവൻ അമ്മയെ നോക്കി ചിരിച്ചുകൊണ്ട് അമ്മയുടെ തോളിൽ ചാരിയിരുന്നു. അടുത്ത രണ്ടു ദിവസത്തിനു ശേഷം നിറഞ്ഞ കണ്ണുകളോടെ മുഖത്തിൽ ചിരി നിറച്ചുകൊണ്ട് അവർ നാട്ടിലേക്ക് യാത്രയായി.................. കൂടെ ഞാനും



For More Updates


Post a Comment

0 Comments